2005-05-15

കാട്ടുമരത്തിന്‍ കൊമ്പുകള്‍ തോറും
കയറാം മറിയാം ചാടാം
വാലാല്‍ ചില്ലത്തുമ്പില്‍ ചുറ്റി
വലിഞ്ഞുകിടന്നൊന്നാടാം
കായികവിദ്യകളങ്ങനെ പലതും
കാട്ടും ഞാന്‍ പുകള്‍ തേടും
വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍
വാല്‍ പൊക്കിക്കൊണ്ടോടും!

ജി. ശങ്കരക്കുറുപ്പിന്റെ "ഓലപ്പീപ്പി" എന്ന പുസ്തകത്തില്‍ നിന്ന്
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാക്കുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേര്‍വഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേര്‍വരും സങ്കടം ഭസ്മമായീടണം
ദുഷ്ടസംസര്‍ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാവണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാവണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാവണം

പന്തളം കേരളവര്‍മ്മ എഴുതിയ സര്‍വ്വമതപ്രാര്‍ത്ഥന